പുരുഷ വന്ധ്യംകരണ ക്യാമ്പ് സംഘടിപ്പിക്കുന്നു
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ പുരുഷ വന്ധ്യംകരണത്തിനുള്ള നോ സ്‌കാല്‍പല്‍ വാസക്ടമി (എന്‍ എസ് വി) ക്യാമ്പുകള്‍ നടത്തുന്നു. ആരോഗ്യ വകുപ്പ് ഡിസംബര്‍ നാലു വരെ നടത്തുന്ന നോ സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണത്തോടനുബന്ധിച്ചാണ് ക്യാമ്പ്. ഡിസംബര്‍ രണ്ടിന് ജില്ലാ ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും മൂന്നിന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും നാലിന് തലശ്ശേരി ജനറല്‍ ആശുപത്രിയിലും ക്യാമ്പ് നടക്കും. തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചോ ആശുപത്രിയില്‍ നേരിട്ടെത്തിയോ എന്‍ എസ് വി ചെയ്യാമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കുടുംബാസൂത്രണ മാര്‍ഗങ്ങളില്‍ പുരുഷന്‍മാര്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും ലളിതവും സുരക്ഷിതവുമായ വന്ധ്യംകരണ മാര്‍ഗമാണ് നോ സ്‌കാല്‍പല്‍ വാസക്ടമി (എന്‍ എസ് വി). ‘കുടുംബാസൂത്രണത്തില്‍ പുരുഷ പങ്കാളിത്തം ഉറപ്പാക്കാം, സന്തുഷ്ട കുടുംബത്തിന് അടിത്തറ പാകാം’ എന്നതാണ് ഈ വര്‍ഷത്തെ പക്ഷാചരണ സന്ദേശം. എന്‍ എസ് വിയെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുക, ആശങ്കള്‍ മാറ്റുക, കുടുംബാസൂത്രണ മാര്‍ഗമെന്ന നിലയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുക, സന്തുഷ്ട കുടുംബത്തിനായി പുരുഷ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവയാണ് പക്ഷാചരണത്തിന്റെ ലക്ഷ്യം. ലൈംഗിക രോഗങ്ങള്‍, മന്ത് രോഗം, വൃഷണങ്ങളില്‍ അണുബാധ, മുഴകളോ നീര്‍വീക്കമോ ഉള്ളവര്‍ എന്‍ എസ് വി സ്വീകരിക്കാന്‍ പാടില്ല.