പൂവാറിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; എസ്.ഐയെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: പൂവാറില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ എസ്‌ഐക്ക് എതിരെ നടപടി.പുവാര്‍ എസ്‌ഐ സനലിനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പൂവാര്‍ കല്ലിംഗവിളാകാം സ്വദേശി സുധീര്‍ഖാനെ എസ്‌ഐ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചുവെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. മര്‍ദ്ദന പരാതി ഡിവൈഎസ്പി അന്വേഷിക്കും. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുമായുള്ള സുധീര്‍ ഖാന്റെ ചിത്രങ്ങളടക്കമായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് വിഷയത്തില്‍ ഇടപെടലുണ്ടായത്.

ബീമാപള്ളിയിലെ വീട്ടിലേക്ക് ഭാര്യയെ ബസ് കയറ്റി വിട്ട് പൂവാര്‍ ജംഗ്ഷനില്‍ നില്‍ക്കുമ്ബോഴാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് സുധീര്‍ പറയുന്നത്. ‘കാരണമില്ലാതെയാണ് തന്നെ പൊലീസ് പിടിച്ച്‌ മര്‍ദ്ദിച്ചത്. ബൈക്ക് യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു പൊലീസ് സമീപത്തെത്തിയത്. തുടര്‍ന്ന് എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന ചോദിച്ചു. കാര്യം പറഞ്ഞ് സംസാരിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു’. സുധീറിന്റെ കാല്‍ മര്‍ദനമേറ്റ് ചതഞ്ഞ നിലയാണ് ഉള്ളത്. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്.

കസ്റ്റഡിയില്‍ കൊടിയ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത് എന്നും സുധീര്‍ പ്രതികരിച്ചു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടു പോയും മര്‍ദനം തുടര്‍ന്നു. എന്തിനാണ് കസ്റ്റഡി എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞില്ല. ആശുപത്രിയില്‍ കൊണ്ടുപോവണം എന്ന് ആവശ്യപ്പെട്ടപ്പോഴും ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. സിഐ വന്ന ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് അറിയിച്ചത്. പിന്നീട് പറഞ്ഞുവിടുകയും ചെയ്തു. പിന്നാലെ സ്വന്തം നിലയിലാണ് സുധീര്‍ ചികില്‍സ തേടിയത്. ഓട്ടോ ഡ്രൈവറാണ് സുധീര്‍ ഖാന്‍.

സുധീര്‍ ഖാനെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ബോട്ടിങിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് പറയുന്നത്. വൈകുന്നേരത്തോടെ വിട്ടയച്ചതായും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മര്‍ദനം സംബന്ധിച്ച ആരോപണങ്ങളോട് പൊലീസ് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.