പെഗാസസ് ഫോണ്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം ആണ് നോട്ടീസ് നല്‍കിയത്.

അതേസമയം ഫോണുകള്‍ ചോര്‍ത്തി എന്ന വാര്‍ത്ത പെഗാസസ് സോഫ്റ്റ്‌വെയറിന്റെ നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍എസ്‌ഒ ഗ്രൂപ്പ് നിഷേധിച്ചു. പുറത്തുവന്ന റിപ്പോര്‍ട്ടിലുള്ളത് ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത സിദ്ധാന്തങ്ങളുമാണെന്നും യാഥാര്‍ഥ്യത്തില്‍നിന്ന് വളരെ അകലെയാണ് വസ്തുതകളെന്നും കമ്പനി അറിയിച്ചു.

വിവാദത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.ഇസ്രയേല്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകന്‍ ജെയ്‌സണ്‍ സി ആരോപിച്ചു. തന്റെ പ്രവര്‍ത്തനം ഭരണകൂടത്തെ അലോസരപ്പെടുത്തുന്നതാവാം കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.