പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ജനകീയ ശുചീകരണ ക്യാമ്പയിന് തുടക്കം

വീടുകളും പൊതു ഇടങ്ങളും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ആരംഭിച്ച മാലിന്യം വലിച്ചെറിയാത്ത പഞ്ചായത്ത് – ജനകീയ ശുചീകരണ ക്യാമ്പയിന് തുടക്കമായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ മൂന്നുപെരിയയില്‍ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷനുമായി ചേര്‍ന്നാണ് ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വ പദവിക്കായുള്ള സമഗ്ര പദ്ധതി രേഖ തയ്യാറാക്കിയത്. പദ്ധതിയുടെ ഭാഗമായി വിവിധങ്ങളായ ക്യാമ്പയിനുകളും ജനകീയ പരിപാടികളുമാണ് സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പരിധിയില്‍ എവിടെയും പ്ലാസ്റ്റിക്കോ മറ്റു മാലിന്യങ്ങളോ വലിച്ചെറിയപ്പെട്ടില്ല എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. മുഴുവന്‍ വാര്‍ഡുകളിലും ഇതിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ബദല്‍ ഉല്‍പ്പന്നങ്ങളുടെ പ്രചരണത്തിലൂടെ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം പൂര്‍ണ്ണമായി നടപ്പാക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷയായി. ജില്ലാ ഭരണകൂടത്തിന്റെ ‘പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍’ ക്യാമ്പയിനിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും പ്ലാസ്റ്റിക് മുക്ത പഞ്ചായത്തിനായി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍, ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ടോട്ടല്‍ വേസ്റ്റ് കലക്ഷന്‍ ക്യാമ്പയിന്‍, കലണ്ടര്‍ കലക്ഷന്‍ ക്യാമ്പയിന്‍ തുടങ്ങി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ശുചിത്വ മേഖലയില്‍ പഞ്ചായത്ത് നടപ്പാക്കി വരികയാണെന്ന് പ്രസിഡണ്ട് പറഞ്ഞു.

ഹരിത കേരളം മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍മാരായ കെ നാരായണന്‍, വി കെ അബിജാത് എന്നിവരും വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, കെ കെ സുഗതന്‍, കെ വി നിധീഷ്, ഇ വി പവിത്രന്‍, കെ സി രഘുനാഥന്‍, കെ വി സവിത തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. രാഷ്ട്രീയ നേതാക്കള്‍, ഹരിത കര്‍മ സേനാ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.