പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത വാഹനം കാണാതായി

പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ പൊലീസ് കസ്റ്റഡിയിൽ ഇരുന്ന ബൈക്കാണ് കാണാതായത്.

ബേക്കൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച് വരികയായിരുന്നു ബൈക്ക്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടുത്തിടെ സി.ബി.ഐ. ഏറ്റെടുത്തിരുന്നു. ഇത് പ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് ബൈക്ക് കാണാതായത്.

യുത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്. പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ. അന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കാനും കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.