പെൺകുട്ടിക്കോ കുടുംബത്തിനോ പരാതിയില്ല; വിവാദ സംഭവത്തിൽ ന്യായീകരണവുമായി സമസ്ത
സമസ്തയുടെ ചടങ്ങില്‍ പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്ന് നേതാക്കള്‍. പുരസ്‌കാരം സ്വീകരിക്കാനെത്തിയ പത്താംക്ലാസുകാരിയെ വിലക്കിയ സംഭവത്തെ ന്യായീകരിച്ചാണ് സമസ്ത നേതാക്കളുടെ വിശദീകരണം. പെണ്‍കുട്ടിക്ക് ലജ്ജയുണ്ടാകുമെന്ന് കരുതിയാണ് ചടങ്ങില്‍ നിന്ന് മാറ്റിയത്.കുട്ടിവന്ന് പുരസ്‌കാരം വാങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും പരാതിയില്ല.മുതിര്‍ന്ന പെണ്‍കുട്ടികളെ വേദിയില്‍ ആദരിക്കുന്ന നിലപാട് സമസ്തക്കില്ല.
സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് വേദി പങ്കിടുന്ന രീതിയുമില്ല. രക്ഷിതാക്കളെ വേദിയിലേക്ക് വിളിച്ചാണ് ആദരിക്കുക. പൊതുവേദിയില്‍ വരുന്നതിന് സമസ്തക്ക് ചില മാനദണ്ഡങ്ങളുണ്ട്. അതിന്റെ അതിര്‍വരമ്പിനകത്ത് നിന്നേ പ്രവര്‍ത്തിക്കാന്‍ പറ്റൂ. ബാലാവകാശ കമീഷന്‍ കേസ് സ്വാഭാവികമാണ്.
ഇതേ ചൊല്ലിയുള്ള വിവാദങ്ങളില്‍ കഴമ്പില്ല-സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(ഇ കെ വിഭാഗം) പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാര്‍, വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എം ടി അബ്ദുള്ള മുസ്ല്യാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു