പേട്ടയില്‍ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണായകമായ കണ്ടെത്തല്‍.

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണായകമായ കണ്ടെത്തല്‍. കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിഥിയായെത്തിയ സ്വാമി ഗംഗേശാനന്ദയാണ് ആക്രമിക്കപ്പെട്ടത്.2017 ഫെബ്രുവരി 20ന് രാത്രിയിലാണ് ആക്രമണം. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നിതിനിടിയല്‍ ലിംഗം മുറിച്ചെന്നാണ് പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്.

കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും താന്‍ കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നും കാണിച്ച്‌ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചതോടെ കഥ മാറി. സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി സ്വാമിക്ക് അനുകൂലമായി മൊഴി നല്‍കി. എന്നാല്‍,​ ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് കാട്ടി സ്വാമി ഡിജിപിക്ക് പരാതി നല്‍കിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കീഴിലായി. ​

ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ സ്വാമിയെ ആക്രമിച്ചത് പെണ്‍കുട്ടിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സുഹൃത്തായ അയ്യപ്പദാസുമായി ചേര്‍ന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയത്. ഇവര്‍ തമ്മിലുള്ള ബന്ധത്തിന് തടസം നിന്ന സ്വാമിയെ കേസില്‍ പെടുത്തി ഒഴിവാക്കാനായിരുന്നു ഇരുവരുടെയും ശ്രമം.

ക്രൈംബ്രാഞ്ചിന്റെ ശാസ്ത്രീയ പരിശോധനയില്‍ ഗംഗേശാനന്ദ കളവ് പറഞ്ഞതാണെന്നാണ് കണ്ടെത്തല്‍. സംഭവദിവസം ഇരുവരും കൊല്ലത്തെ കടല്‍ത്തീരത്തിരുന്നാണ് പദ്ധതി ആസൂത്രണം ചെയ്‌തത്. കത്തി വാങ്ങി നല്‍കിയത് അയ്യപ്പദാസാണ്. ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താണ് പെണ്‍കുട്ടി ലിംഗം മുറിക്കുന്നതിനെ കുറിച്ച്‌ പഠിച്ചത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെയും സഹായി അയ്യപ്പദാസിനെയും കേസില്‍ പ്രതി ചേര്‍ത്തേക്കും.