പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും

ശബരിമല: പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും. കോവിഡ് മാനദണ്ഡം പാലിച്ച് 5000 പേര്‍ക്കാണ് ജ്യോതി ദര്‍ശിക്കാനുള്ള അവസരമുണ്ടാവുക.

നേരത്തേ വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തവരെയാണ് ഇതിന് അനുവദിക്കുക. സന്നിധാനത്തുനിന്ന്‌ മാത്രമേ ഇത്തവണ മകരജ്യോതി ദര്‍ശിക്കാനാവൂ.

മകരവിളക്കിനോടനുബന്ധിച്ച് പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച വൈകീട്ടോടെ ശരംകുത്തിയിലെത്തും.

പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം വൈകീട്ട് ആറരയോടുകൂടി അയ്യപ്പസന്നിധിയില്‍ എത്തും. തിരുവാഭരണപേടകം പതിനെട്ടാംപടിക്ക്‌ മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, ദേവസ്വം ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും.

തുടര്‍ന്ന് ശ്രീകോവിലിലേക്ക് ആചാരപൂര്‍വം ആനയിക്കുന്ന തിരുവാഭരണപേടകം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാര്‍ത്തും. ശേഷം 6.30-ന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന. 6.40-ന് മകരജ്യോതിദർശനം.