പോയവർഷം കണ്ണൂർ ജില്ലയിൽ വാഹനാപകടത്തിൽ മരിച്ചത് അറുപതോളംപേർ

കണ്ണൂർ : പോയവർഷം ജില്ലയിൽ വാഹനാപകടത്തിൽ മരിച്ചത് അറുപതോളംപേർ. ഇതിൽ കൂടുതലും ഇരുചക്രവാഹനയാത്രക്കാരാണ്. അതിൽതന്നെ 98 ശതമാനവും യുവാക്കൾ. നൂറിലധികം പേർക്കാണ് പരിക്കേറ്റത്.

അശ്രദ്ധ, അമിതവേഗം, മത്സരയോട്ടം, റോഡിലെ കുഴികൾ, തെറ്റായ ഡ്രൈവിങ്‌ എന്നിവയാണ് ഭൂരിപക്ഷം അപകടങ്ങൾക്കും കാരണം. ആരെയും ഇക്കാര്യത്തിൽ ശിക്ഷിച്ചതായി അറിയില്ല. എത്ര വലിയ അപകടം ഉണ്ടായാലും ശിക്ഷ ഉണ്ടാകില്ല എന്ന മനോഭാവമാണ് പലർക്കും. സീബ്രാലൈൻ ഇല്ലാത്തതിനാലും റോ‍‍ഡിൽ നിരവധി അപകടങ്ങൾ നടക്കുന്നുണ്ട്.

റോഡരികിലൂടെ നടന്നുപോകുന്നവർപോലും വാഹനം ഇടിച്ച് മരിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരം പരിപ്പായിൽ കാൽനടയാത്രക്കാരൻ വണ്ടിയിടിച്ചു മരിച്ചു. ഇടിച്ച വണ്ടി നിർത്താതെ പോയി. കായലോട്ട് റോഡരികിൽ നിന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥൻ വാഹനമിടിച്ച്‌ മരിച്ചതാണ്‌ മറ്റൊരു സംഭവം.

പതിനെട്ടുവയസ്സ് തികയാത്തവർ ഇരുചക്രവാഹനവുമായി കറങ്ങുന്ന പ്രവണതയും കൂടുതലാണ്.

മദ്യം കഴിച്ചാൽ മണം പിടിക്കുമെന്ന് കരുതി മയക്കുമരുന്ന്‌ കഴിച്ച് വാഹനം ഓടിക്കുന്ന പ്രവണതയും കൂടുതലാണെന്ന് പോലീസ് പറയുന്നു.

റോഡ് നിയമങ്ങൾ പാലിക്കാൻ യാത്രികർ, പ്രത്യേകിച്ച്‌ യുവാക്കൾ ശ്രമിക്കുന്നില്ല. തെറ്റായ വശത്തുകൂടിയുള്ള മറികടക്കൽ, അനധികൃത പാർക്കിങ്‌, ഉറക്കമൊഴിഞ്ഞുള്ള യാത്ര, നിയമം തെറ്റിയുള്ള ടാങ്കർ ലോറിസഞ്ചാരം ഇതൊക്കെ അപകടത്തിലേക്ക് നയിക്കുന്നു. ഉറക്കം തന്നെയാണ് രാത്രി വൈകിയുള്ള യാത്രയിലെ മറ്റൊരു വില്ലൻ.

ഓടുന്ന വാഹനത്തിൽ തീപിടിച്ചുണ്ടായ അപകടം ഇപ്പോൾ കൂടുതലാണ്. ഏറ്റവും ഒടുവിൽ ജില്ലാ ആസ്പത്രിക്ക് സമീപം കാർ കത്തി പൂർണഗർഭിണിയും ഭർത്താവും മരിച്ചത് നാടിനെ നടുക്കുന്നതായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പഴയങ്ങാടി മേൽപ്പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർയാത്രക്കാരിയായ അധ്യാപികയും കാർയാത്രക്കാരിയായ യുവതിയും മരിച്ചു. തെറ്റായ ഡ്രൈവിങ്ങായിരുന്നു കാരണം.