പ്രതിശ്രുതവരനൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന യുവതിക്ക് കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്കുവീണ് ദാരുണാന്ത്യം

ചങ്ങനാശ്ശേരി: പ്രതിശ്രുതവരനൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന യുവതിക്ക് കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്കുവീണ് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടിൽ സണ്ണിയുടെയും ബിജിയുടെയും ഏകമകൾ സുബി ജോസഫ് (25) ആണ് മരിച്ചത്. വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം.

കറുകച്ചാൽ ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് വരുകയായിരുന്നു ഇരുവാഹനങ്ങളും. കെ.എസ്.ആർ.ടി.സി. ബസ് ഓവർടേക്കു ചെയ്യുന്നതിനിടെ ബൈക്കിന്റെ ഹാൻഡിലിൽ തട്ടി. നിയന്ത്രണംവിട്ട ബൈക്കിന്റെ പിന്നിലിരുന്ന സുബി ബസിന്റെ പിൻവശത്തേക്ക് വീഴുകയായിരുന്നു. സുബിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ സുബി മരിച്ചുവെന്ന് പോലീസ് പറഞ്ഞു. കുമളിയിൽനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു ബസ്.