പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കർഷകരെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒമ്പതുകോടി കർഷകരെ അഭിസംബോധന ചെയ്യും. പിഎം കിസാൻ നിധിയുടെ രണ്ടാം ഗഡു വിതരണംചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ചടങ്ങിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭിസമ്പോദന. നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന വിധമാണ് തുകയുടെ വിതരണം.

അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം സുശാസന്‍ ദിവസ് ആയാണ് കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്. ചടങ്ങില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിക്കുകയും ചെയ്യും.

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം ഒരുമാസം പിന്നിടുന്നതിനിടയിലാണ് ഇന്ന് കർഷകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ടുളള കേന്ദ്രത്തിന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും.

ഒമ്പത് കോടി കർഷകർക്ക് വിതരണം ചെയ്യുന്ന 18,000 കോടിയുടെ കിസാൻ നിധിയുടെ ഉദ്ഘാടനമാണ് ഇന്ന് പ്രധാനമന്ത്രി നിർവഹിക്കുന്നത്. ഓൺലൈൻ വഴിയാണ് പ്രധാനമന്ത്രി കർഷകരെ അഭിസംബോധന ചെയ്യുക.

പാർട്ടി എം.പി.മാരും എംഎൽഎമാരും അവരവരുടെ മണ്ഡലങ്ങളിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ബി.ജെ.പി.യും കേന്ദ്ര സർക്കാരും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.