പ്രവാസിയായ അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

കണ്ണൂര്‍: കാസര്‍കോട് പൈവളിഗെയില്‍ പ്രവാസിയായ അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.

പൈവളിഗെ സ്വദേശി പി എം അബ്ദുല്‍ ജലീല്‍ ആണ് പിടിയിലായത്. ഇയാള്‍ ക്വട്ടേഷന്‍ സംഘാംഗമാണെന്ന് പൊലീസ് പറഞ്ഞു. യു എ ഇയില്‍ നിന്ന് എത്തിയപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതാണ് അറസ്റ്റ് എളുപ്പമാക്കിയത്.

അതേസമയം പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ജൂണ്‍ 26 നാണ് അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയത്. പൈവളിഗെ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച്‌ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച്‌ കൊല്ലുകയായിരുന്നു.