പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന് സാങ്കേതികമായും ഭരണപരമായും തയ്യാറായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു.

ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗരേഖയും തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിന് ഉള്ളിൽ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിങ് ഓഫീസറെ അറിയിക്കണം.

തുടർന്ന് റിട്ടേണിങ് ഓഫീസർ ബാലറ്റ് പേപ്പർ ഇമെയിലിലൂടെ വോട്ടർക്ക് അയക്കണം. ബാലറ്റ് പേപ്പറിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യൻ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോട് ഒപ്പം വോട്ട് മടക്കി അയക്കണം.

വോട്ട് തിരികെ അയക്കുന്നത് മടക്ക തപാലിൽ ആണോ അതോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റൽ വോട്ടുകൾ അതത് മണ്ഡലങ്ങളിൽ എത്തിക്കുക എന്നത് ചീഫ് ഇലക്ട്രൽ ഓഫീസർമാരുടെ ഉത്തരവാദിത്വം ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്