പ്രവാസി ക്ഷേമ പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തി

തിരുവനന്തപുരം: ബജറ്റില്‍ പ്രവാസി ക്ഷേമത്തിനും വിവിധ പദ്ധതികള്‍. പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും, പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി. പ്രവാസി ക്ഷേമത്തിന് ഈ സര്‍ക്കാര്‍ 180 കോടി ചെലവഴിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ 68 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് ധനമന്ത്രി അറിയിച്ചു

തൊഴിലുറപ്പ് പദ്ധതിയിൽ ചുരുങ്ങിയത് മൂന്നുലക്ഷം പേർക്കു കൂടി തൊഴിൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 2021-22ൽ 75 ദിവസമെങ്കിലും ശരാശരി തൊഴിൽ നൽകാൻ ശ്രമിക്കും.

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കുള്ള ക്ഷേമനിധി ഫെബ്രുവരിയിൽ ആരംഭിക്കും. ഇതിനുള്ള കരട് നിയമം രൂപം കൊണ്ടുകഴിഞ്ഞു. വർഷത്തിൽ 20 ദിവസമെങ്കിലും ജോലി ചെയ്യുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. തൊഴിൽസേനയിൽനിന്ന് പുറത്തു പോകുമ്പോൾ ഈ തുക പൂർണമായും അംഗത്തിന് ലഭിക്കും.