പ്രശസ്ത അർബുദ രോഗ വിദഗ്‌ധൻ ഡോ എം കൃഷ്ണൻ നായർ അന്തരിച്ചു.

പ്രശസ്ത അർബുദ രോഗ വിദഗ്‌ധൻ ഡോ എം കൃഷ്ണൻ നായർ(81) അന്തരിച്ചു. ഇന്ന് രാവിലെ പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്​ ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മേധാവിയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ആദ്യമായി കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് എന്ന പേരില്‍ ഒരു സ്ഥാപനത്തെ അടിസ്ഥാനമാക്കിയുള്ളതും വളരെ ചെലവുകുറഞ്ഞതുമായ കാന്‍സര്‍ ഇന്‍ഷുറന്‍സ് പദ്ധതി അദ്ദേഹം അവതരിപ്പിച്ചു. പ്രതിരോധത്തിനും നേരത്തേ കണ്ടെത്തുന്നതിനുമായി അഞ്ച് ജില്ലാതല പെരിഫറല്‍ സെന്ററുകളും ടെര്‍മിനല്‍ കാന്‍സര്‍ രോഗികള്‍ക്ക് മോര്‍ഫിന്‍ ലഭ്യതയോടെ വേദന പരിഹാരവും സാന്ത്വന പരിചരണ ശൃംഖലയും സ്ഥാപിച്ചു.

ദേശീയതലത്തില്‍, അസോസിയേഷന്‍ ഓഫ് റേഡിയേഷന്‍ ഗൈനക്കോളജിസ്റ്റുകളുടെ പ്രസിഡന്റ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സയന്റിഫിക് അഡൈ്വസറി ബോര്‍ഡ് അംഗം, ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ റേഡിയേഷന്‍ ആന്‍ഡ് ഐസോടോപ്പ് ടെക്‌നോളജി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളിലെ പശ്ചാത്തല വികിരണത്തിന്റെ മനുഷ്യന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ അദ്ദേഹം സമഗ്രമായ പഠനം നടത്തി. വൈദ്യശാസ്ത്രരംഗത്ത് മുന്നൂറിലധികം പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. അദ്ദേഹത്തിന്റെ സേവനം കണക്കിലെടുത്ത് രാജ്യം പത്മശ്രീനല്‍കി ആദരിച്ചു.