പ്രശസ്ത ചലച്ചിത്ര, നാടക നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

കൊല്ലം: പ്രശസ്ത ചലച്ചിത്ര, നാടക നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.

കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്‍- ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പില്‍ക്കാലത്ത് പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു.

2013 മുതല്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. മൃതദേഹം ഗാന്ധിഭവന്‍ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട് നടക്കും. 300ലധികം ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ അത്രത്തോളംതന്നെ ചിത്രങ്ങളില്‍ ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്.