പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകി; ഉടമകൾക്കെതിരേ കേസ്

ചക്കരക്കല്ല്:- പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് ആർ.സി. ഉടമകളായ രണ്ടുപേർക്കെതിരേ ചക്കരക്കൽ പോലീസ് കേസെടുത്തു. പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിനിടെയാണ് രണ്ട് കുട്ടികൾ പിടിയിലായത്. കാഞ്ഞിരോട് മായൻമുക്കിൽ കാർ ഓടിച്ചുവന്ന കുട്ടിയേയും വെള്ളച്ചാലിൽ നിന്ന് മോട്ടോർ സൈക്കിൾ ഓടിച്ചുവന്ന കുട്ടിയേയുമാണ് പിടികൂടിയത്.

വാഹന ഉടമകളായ കാഞ്ഞിരോട് മായൻമുക്കിലെ മുഹമ്മദലി, മക്രേരിയിലെ സി.റോഷിത്ത് എന്നിവർക്കെതിരേ കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചാൽ വാഹന ഉടമയ്ക്ക് പിഴയും തടവും ഉണ്ടാകും.

മേൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക്‌ റദ്ദാക്കുന്നതുമായിരിക്കും. കൂടാതെ, വാഹനം ഓടിച്ച കുട്ടിക്ക്‌ 18 വയസ്സിന് പകരം 25 വയസ്സിനുശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ.