പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഫെബ്രുവരി 27ന്
ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഫെബ്രുവരി 27ന് കണ്ണൂർ ജില്ലയിൽ നടക്കും. അഞ്ച് വയസ്സിന് താഴെയുള്ള 1,82,052 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ള 1360 കുഞ്ഞുങ്ങൾക്കും പോളിയോ വാക്‌സിൻ നൽകും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ലക്ഷ്യമിട്ടതിന്റെ 94.90 ശതമാനം പേർക്കും വാക്‌സിൻ നൽകിയിരുന്നു. അഞ്ച് വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നൽകി പോളിയോ രോഗാണു സംക്രമണം തടയുകയാണ് പോളിയോ നിർമാർജന യജ്ഞത്തിന്റെ ലക്ഷ്യം. ജില്ലയിൽ പോളിയോ വാക്‌സിൻ നൽകാനായി 2028 ബൂത്തുകൾ സജ്ജമാക്കും. 48 ട്രാൻസിറ്റ് ബൂത്തുകൾ, 182 മൊബൈൽ ബൂത്തുകൾ എന്നിവയുണ്ടാകും.
ഇതുസംബന്ധിച്ച് ചേർന്ന ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ അധ്യക്ഷനായി. ഡിഎംഒ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്, ലോകാരോഗ്യ സംഘടന കൺസൾട്ടൻറ് ഡോ. ജി ആർ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.