ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി തേടി കമ്പനി

ന്യൂഡല്‍ഹി: കോവിഡിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി തേടി കമ്ബനി. പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍.

വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അടിയന്തര അനുമതി തേടി അപേക്ഷ നല്‍കിയിരിക്കുകയാണ്. അതെ സമയം, വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.

രാജ്യത്ത് വിൽപ്പനയ്ക്കും വിതരണത്തിനുമുള്ള അനുമതിയാണ് ഫൈസർ തേടിയിരിക്കുന്നത്. രാജ്യത്ത് ഫൈസർ ഈ വാക്സിന്‍റെ ക്ലിനിക്കൽ ട്രയലുകൾ നടത്തിയിട്ടില്ല എന്നതിനാൽ, ഇത് ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട്, പുതിയ ഡ്രസ്ഗ് & ക്ലിനിക്കൽ ട്രയൽസ് നിയമം 2019 പ്രകാരമാണ് അടിയന്തര അനുമതി തേടിയിരിക്കുന്നത്.

ബ്രിട്ടനും ബഹ്‌റൈനും ഫൈസറിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്‌സിനും ഓക്‌സ്ഫഡിന്റെ അസ്ട്രാസെനക വാക്‌സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.

രാജ്യത്ത് നിലവിൽ പരീക്ഷണത്തിലിരിക്കുന്നത് അഞ്ച് വാക്സിനുകളാണ്. ഓക്സ്ഫഡ് – ആസ്ട്രാസെനകയുടെ കൊവിഡ് വാക്സിനായ കൊവിഷീൽഡിന്‍റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ പരീക്ഷിക്കുന്നത് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്. രാജ്യത്ത് തന്നെ വികസിപ്പിക്കപ്പെട്ട ഭാരത് ബയോടെകിന്‍റെ കൊവാക്സിനും മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്. സൈഡസ് കാഡില എന്ന കമ്പനിക്കും മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന് അനുമതി നൽകിയിട്ടുണ്ട് കേന്ദ്രസർക്കാർ.