ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്നെത്തും,നാളെ കോടതിയിൽ ഹാജരാക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്ന് തന്നെ എത്തിക്കും.
രണ്ട് ഫോണുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്. ഇവ വൈകിട്ടോടെ തിരിച്ചെത്തും. ഫോണുകള്‍ നാളെ രാവിലെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കും എന്നാണ് വിവരം.
കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ അനൂപിന്റെ രണ്ട് ഫോണുകളും ബന്ധു അപ്പുവിന്റെ ഫോണും കൈമാറാനാണ് അന്വേഷ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.
മൊബൈലുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ അവസാനനിമിഷംവരെ ദിലീപ് എതിര്‍ത്തിരുന്നു. മൊബൈലുകള്‍ കൈമാറിയാല്‍ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് വ്യാജ തെളിവ് ഉണ്ടാക്കുമെന്നതടക്കമുള്ള വാദങ്ങള്‍ ദിലീപ് ഉന്നയിച്ചെങ്കിലും കോടതി തള്ളി.