ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം; അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യുനമർദ്ദമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂനമർദ്ദമായും തുടർന്ന് ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പാകിസ്താൻ നിർദ്ദേശിച്ച ഗുലാബ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. ഞായറാഴ്ച വൈകുന്നേരത്തോടെ വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തുകൂടി ഗുലാബ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.