ബക്രീദ് പ്രമാണിച്ച്‌ ഇന്നു പ്രഖ്യാപിച്ചിരുന്ന പൊതു അവധി നാളത്തേക്കു മാറ്റി ഉത്തരവായി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച്‌ ഇന്നു പ്രഖ്യാപിച്ചിരുന്ന പൊതു അവധി നാളത്തേക്കു മാറ്റി ഉത്തരവായി. സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു പ്രവൃത്തിദിവസം ആയിരിക്കും. ബാങ്കുകള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിലുള്ള സ്ഥാപനങ്ങള്‍ക്കും ഉത്തരവു ബാധകമാണ്.

റേഷന്‍ കടകള്‍ക്ക് ഇന്നു പ്രവൃത്തിദിവസവും നാളെ അവധിയുമാണെന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു.

എംജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കേരള സര്‍വകലാശാലയുടെ നാളെയും 22നുമുള്ള ആറാം സെമസ്റ്റര്‍ ബിഎസ്‌സി ബയോകെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22, 23, 24 തീയതികളിലേക്ക് മാറ്റി.

നാളെ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബിവോക് സോഫ്റ്റ്‌വെയര്‍ ഡവലപ്മെന്റ് പ്രാക്ടിക്കല്‍ പരീക്ഷ 24ലേക്കും മാറ്റി. കുസാറ്റ് പരീക്ഷകള്‍ 22-ാം തിയതി നടത്തും. കണ്ണൂര്‍ പരീക്ഷകളില്‍ ഒരെണ്ണമൊഴികെ 22, 23 തീയതികളിലേക്കുമാണു മാറ്റിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ പരീക്ഷാക്രമം വെബ്സൈറ്റില്‍ ലഭിക്കും എംജിയില്‍ പുതിയ തീയതി പിന്നീട്.