ബയോമെട്രിക് പഞ്ചിങ് സ്ഥാപിച്ച ഓഫീസുകൾ സ്പാര്‍ക്കുമായി ബന്ധിപ്പിക്കണം, കർശന നിർദേശവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിച്ചിട്ടുള്ള സര്‍ക്കാര്‍ ഓഫീസുകളെ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ഡോ വി പി ജോയ് ഉത്തരവിട്ടു.ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പുവരുത്തുന്നതിനും ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ബയോമെട്രിക് സംവിധാനം സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില ഓഫീസുകള്‍ ഇതിന് തയ്യാറാകാതെ വന്നതോടെയാണ് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

ബയോമെട്രിക്ക് പഞ്ചിംഗ് സമ്ബ്രദായം നിലവില്‍ സ്ഥാപിച്ചിട്ടുള്ളതും സ്പാര്‍ക്ക് മുഖേന ശമ്ബളം ലഭ്യമാക്കുന്നതുമായ നിരവധി ഓഫീസുകള്‍ ഇപ്പോഴും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ഗൗരവമായി വീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

എല്ലാ ഓഫീസുകളും അടിയന്തിരമായി ബയോമെട്രിക്ക് പഞ്ചിംഗ് സമ്ബ്രദായത്തെ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിന് വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.എല്ലാ വകുപ്പു മേധാവികളും സ്ഥാപനങ്ങളില്‍ ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും നടപടി പുരോഗതി എല്ലാ മാസവും സര്‍ക്കാരിനെ അറിയിക്കണമെന്നും ഉത്തരവില്‍ അറിയിച്ചു.