ബഹുസ്വരതയും ജനാധിപത്യ മൂല്യങ്ങളും നിലനിര്‍ത്താന്‍ ഭരണഘടനാ മൂല്യങ്ങള്‍ മുറുകെ പിടിക്കണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഭക്ഷണം മുതല്‍ മനുഷ്യ ബന്ധങ്ങള്‍ വരെ വര്‍ഗീയവല്‍ക്കരിക്കപ്പെടുന്ന കാലത്ത് ഇന്ത്യയുടെ ബഹുസ്വരതയും ജനാധിപത്യ മൂല്യങ്ങളും നിലനിര്‍ത്താന്‍ ഭരണഘടനാ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് പോരാടണമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ പറഞ്ഞു. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷത, ജനാധിപത്യം, ബഹുസ്വരത എന്നീ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ഭരണഘടനാ അവബോധം ജനങ്ങളില്‍ സൃഷ്ടിച്ചേ മതിയാകൂ. വിവിധ കൈവഴികളിലൂടെ നടന്ന ദേശീയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന മൂല്യങ്ങളാണ് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത. ഈ പോരാട്ടങ്ങളില്‍ അന്തര്‍ലീനമായ രാഷ്ട്രീയ അവബോധം, ജനാധിപത്യ സംസ്‌ക്കാരം, സാമ്പത്തിക കയ്യേറ്റങ്ങള്‍ക്കെതിരായ വികാരം എന്നിവയെല്ലാം നമ്മുടെ ഭരണഘടനയില്‍ പല രീതിയില്‍ പ്രതിഫലിക്കുന്നുണ്ട്. വിവിധ ദേശീയതകളെ ഉള്‍ച്ചേര്‍ത്തുള്ള ഫെഡറല്‍ കാഴ്ചപ്പാടാണ് ഇന്ത്യയെന്ന രാഷ്ട്ര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനം. എന്നാല്‍ രാജ്യം ഒരു പ്രത്യേക മതത്തിന്റേതാണെന്ന നിലയില്‍ ഭൂരിപക്ഷ മതത്തിന്റെ പേരിലുള്ള പ്രവര്‍ത്തനങ്ങളും അതിനെതിരെ ന്യൂനപക്ഷങ്ങളിലെ ചില വിഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളും നമ്മുടെ രാജ്യത്തെ ശിഥിലമാക്കുന്ന പ്രവണതകളാണ്.
വര്‍ഗീയ ശക്തികള്‍ വളരെ മുമ്പ് തന്നെ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് നമുക്ക് അറിയാം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഭരണഘടന നിലവില്‍വരും മുമ്പ് തന്നെ നമ്മുടെ രാഷ്ട്രപിതാവ് മൃഗീയമായി കൊലചെയ്യപ്പെട്ടുവെന്നത് എന്നും വേദനിപ്പിക്കുന്ന ഓര്‍മയാണ്.
ഭരണഘടന വിഭാവനം ചെയ്ത അര്‍ഥത്തില്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ക്ഷേമം കൈവരിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. സമ്പത്ത് ഒരു ചെറുന്യൂനപക്ഷത്തിന്റെ കൈയില്‍ കേന്ദ്രീകരിക്കുന്നതാണ് ഈ കൊവിഡ് കാലത്തും നാം കാണുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മുന്നോട്ടുപോകുകയാണ് വേണ്ടത്. കേരളത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ഗുണമേന്‍മയുള്ള ജീവിതം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അതിദരിദ്രര്‍ ഇവിടെ തുലോം കുറവാണെങ്കിലും അവരെ കണ്ടെത്തി മുന്നോട്ടു നയിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നു. വാതില്‍പ്പടി സേവന പദ്ധതി പോലെ സേവനങ്ങള്‍ പുതിയ തലത്തിലേക്ക് എത്തിക്കുന്ന സവിശേഷ പ്രവര്‍ത്തനങ്ങള്‍, എല്ലാവര്‍ക്കും തലചായ്ക്കാനൊരു വീട് എന്നത് യാഥാര്‍ഥ്യമാക്കാനുള്ള ലൈഫ് പദ്ധതി എന്നിവയെല്ലാം ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളാണെന്നും മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, റൂറല്‍ പൊലീസ് കമ്മീഷണര്‍ പിബി രാജീവ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു. എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, മേയര്‍ ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. കെ എ പി കമാണ്ടന്റന്റ് വിജയ ഭാരത് റെഡ്ഡിയാണ് പരേഡ് നയിച്ചത്. ജില്ലാ പൊലീസിലെ റിസര്‍വ്വ് എസ്‌ഐ ഡിലീപ് കുമാറായിരുന്നു സെക്കണ്ട് കമാണ്ടന്റന്റ്. കെഎപി, ജില്ലാ പൊലീസ്, ജയില്‍, എക്‌സസൈസ് വകുപ്പുകളുടെ നാല് പ്ലാറ്റൂണാണ് പരേഡില്‍ അണിനിരന്നത്. ഡി എസ് സി യുടെ ബാന്റ് സംഘവും അണിനിരന്നു.