ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി മികവിന്റെ കുതിപ്പിൽ

ഇരിട്ടി: ചെറുകിട ജലവൈദ്യുത പദ്ധതികളിൽ റെക്കോഡ്‌ വൈദ്യുതി ഉൽപ്പാദിപ്പിച്ച്‌ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി മികവിന്റെ കുതിപ്പിൽ. വാർഷിക ലക്ഷ്യമായ 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി നാല് മാസത്തിനകം ഉൽപ്പാദിപ്പിച്ചാണ്‌ ബാരാപോൾ സംസ്ഥാനത്തിന്‌ അഭിമാനമായത്‌. പുഴയിൽ നീരൊഴുക്ക് കുറഞ്ഞതിനാൽ തൽക്കാലം ഉൽപ്പാദനം നിർത്തി.

ഇക്കുറി 43.27 ദശലക്ഷം യൂണിറ്റ് വൈദ്യുതി ബാരാപോളിൽ ഉൽപ്പാദിപ്പിച്ചു. പ്രതിവർഷ ലക്ഷ്യത്തേക്കാൾ 7.27 ദശലക്ഷം യൂണിറ്റ് അധികമാണിത്‌. ജൂൺ- മെയ് വരെയുള്ള 12 മാസമാണ്‌ വൈദ്യുത ഉൽപ്പാദന വർഷമായി കണക്കാക്കുന്നത്. ഈ കാലയളവിലാണ്‌ 36 ദശലക്ഷം യൂണിറ്റ്‌ ഉൽപ്പാദനം ബാരാപോളിൽ ലക്ഷ്യമിട്ടത്‌. ഇത്തവണ മെയ്‌ മാസത്തിന്‌ മുമ്പ്‌ 43.27 ദശലക്ഷം യൂണിറ്റ്‌ നേടിയതോടെ ബാരാപോൾ പദ്ധതി വൈദ്യുതി വകുപ്പിന്റെ പട്ടികയിൽ മുന്നിലെത്തി. നീരൊഴുക്ക്‌ നേർത്തതിനാൽ രണ്ടാഴ്ച മുമ്പ് വരെ മൂന്നിൽ ഒരു ജനറേറ്റർ മാത്രം മണിക്കൂറുകൾ ഇടവിട്ട് പ്രവർത്തിപ്പിച്ചാണ് നേട്ടത്തിൽ എത്തിയത്‌.