ബാര്‍ കോഴയില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ബാര്‍ കോഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കി. ബാര്‍ ഉടമയായ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് നടപടി.

ഒന്നോ രണ്ടോ ദിവസത്തിനകം അനുമതിക്കായി ഫയൽ അയക്കും. ഗവർണ്ണറുടെ അനുമതി ലഭിച്ചാലുടൻ വിഷയത്തിൽ അടുത്ത ഘട്ടത്തിലുള്ള അന്വേഷണത്തിലേക്ക് സർക്കാർ കടക്കും.

ചെന്നിത്തലയെ കൂടാതെ മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന ഗൂഢാലോചനയുണ്ടെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.മാണിക്കെതിരെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ബിജു രമേശ് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ പണം വാങ്ങിയ കാര്യം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.