ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു
ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക കോടതി മാറ്റി. ഈ മാസം 19 ന് അപേക്ഷ വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി.
കൂടുതൽ കേസുകൾ പരിഗണിക്കാനുള്ളതിനാലാണ് കോടതി അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിയത്. അഞ്ച് മിനിറ്റിൽ വാദം തീർക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി വിസമ്മതിക്കുകയായിരുന്നു.
പിതാവ് ഗുരുതരാവസ്ഥയിൽ ആണെന്നും, അതിനാൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏഴ് മാസമായി ജയിലിലാണെന്നും ബിനീഷ് അപേക്ഷയിൽ പറയുന്നു. എന്നാൽ ജയിലിൽ കഴിയുന്നുവെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.
അക്കൗണ്ടിലെ പണം കള്ളപ്പണമല്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ പ്രധാന വാദം. പച്ചക്കറി വ്യാപാരത്തിൽ നിന്നും കിട്ടിയ പണമാണ് അക്കൗണ്ടിലുള്ളതെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു.