ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല

തിരുവനന്തപുരം: ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചാണ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം കള്ളുഷാപ്പുകള്‍ നാളെ തുറക്കും. ഹോട്ടലുകളും പഴം-പച്ചക്കറി-പലചരക്ക്-പാല്‍, മത്സ്യം-മാംസം എന്നിവ വില്‍ക്കുന്ന കടകളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.

ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുത്തി ഭക്ഷണം നല്‍കാന്‍ പാടില്ല. കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ പരിശോധന കടുപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.