ബെംഗളൂരുവിൽബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മലയാളി യുവാക്കൾ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടിൽ കെ.യു. ജോസിന്റെയും ആനിയുടെയും മകൻ ജിതിൻ ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെയും മിനിയുടെയും മകൻ സോനു സോണി (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.30-ഓടെ ഇലക്ട്രോണിക്സിറ്റി മേൽപ്പാലത്തിന് സമീപത്തെ സർവീസ് റോഡിലായിരുന്നു അപകടം.

ഇരുവരും ഇലക്ട്രോണിക്സിറ്റിയിൽനിന്ന് ഹൊസ്കൂരിലെ താമസസ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോൾ എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു സംഭവസ്ഥലത്തും ജിതിൻ ഹെബ്ബഗുഡിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. എതിരേവന്ന ബൈക്കിലുണ്ടായിരുന്ന ശരത്, സന്തോഷ് എന്നിവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.