ബെംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു.

ബെംഗളൂരു :ഇലക്ട്രോണിക് സിറ്റിക്കു സമീപം നൈസ് റോഡിൽ വാഹനാപകടത്തിൽ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി രാത്രി 11 മണിയോടെയാണ് സംഭവം. കൊച്ചി തമ്മനം ചന്ദ്രമതി ലെയിന്‍ ചോലയില്‍ വീട്ടില്‍ സ്വദേശിനി കെ.ശില്‍പ, കോഴിക്കോട് സ്വദേശികളായ ആദര്‍ശ്, ഫാദില്‍ എന്നിവരാണ് മരിച്ചത്. ഒരു യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

പാലക്കാട് ആനങ്ങാടി സ്വദേശിനി അപര്‍ണ അരവിന്ദിന്റെ പേരിലുള്ളതാണ് ഇവര്‍ സഞ്ചരിച്ച കാര്‍. ബൊമ്മനഹള്ളിയില്‍ താമസിക്കുന്ന ഇവര്‍, കെംഗേരിയിലേക്കു പോകുന്ന വഴി തമിഴ്നാട് റജിസ്ട്രേഷനുള്ള ലോറി കാറിനു പിന്നില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ കാര്‍, മറ്റു വാഹനങ്ങളില്‍ ചെന്നിടിച്ചു. മൂന്നു ലോറികളും അഞ്ചു കാറുകളുമാണ് ആകെ അപകടത്തില്‍പെട്ടത്. പരുക്കേറ്റ ആറുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.