ബ്രിട്ടണിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി.
ലണ്ടൻ: ആരോഗ്യപ്രവർത്തകരുടെ എതിർപ്പുകൾ അവഗണിച്ച് ബ്രിട്ടണിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി. മാസ്ക്, സാമൂഹിക അകലം തുടങ്ങി കൊവിഡിൻ്റേതായി ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്. യുകെ സർക്കാരിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
നൈറ്റ് ക്ലബുകൾക്കും ഇൻഡോർ ക്ലബുകൾക്കുമൊക്കെ തുറന്നുപ്രവർത്തിക്കാം. സാമൂഹിക അകലമോ പരിമിതമായ ആളുകളോ ആവശ്യമില്ല. മാസ്ക് അണിയുന്നതും വർക്ക് ഫ്രം ഹോമും ഒഴിവാക്കി. ജനസംഖ്യയുടെ മൂന്നിൽ രണ്ട് ആളുകളും വാക്സിൻ സ്വീകരിച്ചതിനാലാണ് ഇളവ് നൽകുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ അദ്ദേഹം ഇപ്പോൾ ക്വാറൻ്റീനിലാണ്.
ആരോഗ്യപ്രവർത്തരും പ്രതിപക്ഷ പാർട്ടികളും തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ദിവസേന 50,000നു മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇളവുകൾ അനുവദിക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും എന്നാണ് വിമർശനം. അതേസമയം, ഇപ്പോൾ ഇളവുകൾ നൽകിയില്ലെങ്കിൽ ഒരിക്കലും നൽകാനാവില്ലെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.