ഭക്ഷണം ഔദാര്യമല്ല അവകാശമാണ്; ബോധവല്‍ക്കരണ പരിപാടി 28ന്

‘ഭക്ഷണം ഔദാര്യമല്ല അവകാശമാണ്’ എന്ന പ്രമേയത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടി ജനുവരി 28ന് ജില്ലയില്‍ നടക്കും. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍കുമാര്‍ അധ്യക്ഷനാകും. ഭക്ഷ്യ കമ്മീഷന്‍ അംഗം പി വസന്തം ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ പ്രാധാന്യത്തെപ്പറ്റി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കും.
രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വിവിധ ജില്ലാ വകുപ്പ് മേധാവികള്‍ പങ്കെടുക്കുന്ന ജനസമ്പര്‍ക്ക പരിപാടിയും ഉച്ചക്ക് 2.30 മുതല്‍ അഞ്ച് മണി വരെ ബോധവല്‍ക്കരണ പരിപാടിയുമാണ് നടക്കുക.

റേഷന്‍ വിതരണം, സ്‌കൂള്‍ /അങ്കണവാടി മുഖേനയുള്ള ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട പൊതുജന പരാതികള്‍ എന്നിവ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലെ പ്രത്യേക ഹെല്‍പ് ഡെസ്‌കുകളില്‍ സ്വീകരിക്കും. ജനുവരി 27ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ബോധവല്‍ക്കരണ പരിപാടി ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് സമാപിക്കും.