ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധേയ കേസെടുത്ത് ഹൈക്കോടതി.
കാസർഗോട്ട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധേയ കേസെടുത്ത് ഹൈക്കോടതി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കാസർകോട് ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാർത്ഥി മരിച്ചതും വലിയ വാർത്തയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്. മൂന്ന് പേർ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികൾ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.