ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധകള്‍ ശക്തം.മാനദണ്ഡം പാലിക്കാത്ത ഹോട്ടലുകൾക്കെതിരെ കർശന നടപടി
ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ക്കും എതിരെ പരിശോധനകള്‍ ശക്തമാക്കി ഭക്ഷ്യ സുരക്ഷ വകുപ്പ്. 445 സ്ഥാപനങ്ങളില്‍ നിന്ന് 24.37 ലക്ഷം രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം നിയമലംഘനങ്ങള്‍ക്ക് പിഴ അടപ്പിച്ചത്. പഴകിയ ഭക്ഷണം പിടിച്ചെടുക്കുക, വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുക തുടങ്ങി ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താവുന്ന കേസുകളില്‍ മാത്രമാണ് ഇത്രയും തുക അടപ്പിച്ചത്.ഹോട്ടലുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍,പലചരക്ക് കടകള്‍, ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതലായി പരിശോധനകള്‍ നടന്നത്. വെളിച്ചെണ്ണയില്‍ പാമോയില്‍ കലര്‍ത്തുക, പാലിന്റെ ഗുണമേന്മയില്‍ കുറവ് കണ്ടെത്തുക തുടങ്ങി നിര്‍ദോഷകരമായ നിയമലംഘനങ്ങള്‍ക്കും പിഴ ചുമത്തുന്നുണ്ട്.
പാചക തൊഴിലാളികള്‍ക്ക് വേണ്ടി നടത്തുന്ന ഫോസ്റ്റാക്ക് പദ്ധതിയില്‍ 4200 ലേറെ തൊഴിലാളികള്‍ക്ക് പരിശീലനം നല്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്കിയത് കണ്ണൂര്‍ ജില്ലയിലാണ്. 40 പേര്‍ വീതമുള്ള ഒരു ബാച്ചിന് 4 മണിക്കൂറാണ് പരിശീലനം നല്കുന്നത്.2 ജീവനക്കാര്‍ക്ക് ഫോസ്റ്റാക്ക് പരിശീലന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് അനുവദിക്കുകയുള്ളൂ. ഹോട്ടല്‍ തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ആരാധനാലയങ്ങളിലെ അന്നദാനം മികച്ചതാക്കാന്‍ നടത്തുന്ന ബോഗ് പദ്ധതിയില്‍ ഉള്‍പ്പെട്ട പറശ്ശനിക്കടവ് ശ്രീമുത്തപ്പന്‍ ക്ഷേത്രം, അലവില്‍ സായ് മഠം എന്നിവിടങ്ങളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കേഷന്‍ നല്കാനുള്ള ഒരുക്കത്തിലാണ്.
ജില്ലയില്‍ 17317 സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഭക്ഷ്യ സുരക്ഷ രജിസ്‌ട്രേഷനും 5075 സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ലൈസന്‍സും നല്കി. ഭക്ഷ്യ സുരക്ഷമാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന 59 സ്ഥാപനങ്ങള്‍ക്ക് ഹൈജീന്‍ റേറ്റിങ് സര്‍ട്ടിഫിക്കറ്റും 2 സ്ഥാപനങ്ങള്‍ക്ക് ഈറ്റ് റൈറ്റ് ക്യാംപസ് സര്‍ട്ടിഫിക്കറ്റും നല്കി.