ഭാരത് ബന്ദ്;കേരളത്തിൽ പണിമുടക്കില്ല


ന്യൂഡൽഹി:കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തിൻ പണിമുടക്കില്ല.ഭാരത് ബന്ദിന്റെ ഭാഗമായി ഒഡീഷയിലെ ഭുവനേശ്വറിൽ തീവണ്ടി തടഞ്ഞു. ബന്ദിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് പൂർണമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരത് ബന്ദ് പ്രതീകാത്മക പ്രതിഷേധമാണ്. രാവിലെ 11 മണിക്കാണ് തുടങ്ങുക. അപ്പോഴേക്കും എല്ലാവർക്കും ഓഫിസിൽ എത്താൻ സാധിക്കും. ആംബുലൻസ്, വിവാഹം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾ തടയില്ല. കേന്ദ്ര സർക്കാരിന്റെ ചില നയങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നു അറിയിക്കാനാണു സമരം’– ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികൈത് പറഞ്ഞു. ദേശീയപാതകൾ തടയുമെന്നും ടോൾപ്ലാസകൾ പിടിച്ചെടുക്കുമെന്നും കർഷക സംഘടനകൾ നേരത്തെ പറഞ്ഞിരുന്നു.

കർഷക വിരുദ്ധമായ കാർഷികനിയമങ്ങൾ പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടാണ് വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു. 20 ലധികം പ്രതിപക്ഷ പാർട്ടികളുടേയും വിവിധ സംഘടനകളുടേയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ ബന്ദില്‍നിന്ന് ഒഴിവാക്കി. കേരളത്തിൽ ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തും.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ 13 ദിവസമായി തുടരുന്ന പ്രതിഷേധങ്ങൾക്ക് ശക്തി പകരുന്നതാണ് ഭാരത് ബന്ദ്. 20 ലധികം രാഷ്ട്രീയ പാർട്ടികളും വിവിധ ബാങ്ക് യൂണിയനുകളും ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് യൂണിയനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.