ഭൂമിയെ സ്നേഹിക്കാം ; ഇന്ന് ലോക ഭൗമ ദിനം

ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ട് എല്ലാ വർഷവും ഏപ്രിൽ 22ന് ലോക ഭൗമ ദിനം ആചരിക്കുന്നു. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിർത്തുന്നത് വളരെ അധികം പ്രാധാന്യം അർഹിക്കുന്നതാണ്.

ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാൻ ഊർജ്ജം നൽകുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം ആഗോള താപനം, മലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്‌നങ്ങളെ ഭൗമ ദിനത്തിൽ നാം ചർച്ച ചെയ്യേണ്ടതുണ്ട്.

‘നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക’ (Invest in our planet) എന്ന തീമിലാണ് ഈ വർഷം ലോക ഭൗമ ദിനം ആചരിക്കുന്നത്. ഭൂമിയിലെ എല്ലാ വിഭവങ്ങളും നാളയെ കുറിച്ച് ചിന്തിക്കാതെ ഉപയോഗിക്കുന്നു. സ്വന്തം സ്വാർത്ഥതക്ക് വേണ്ടി വിഭവങ്ങൾ ദുരുപയോഗം ചെയ്യുമ്പോൾ ഇത് നമ്മുടെ വീടാണെന്ന് മനപൂർവം മറക്കുന്നു. ഈ ഗ്രഹത്തിന് തിരികെ നൽകുകയെന്നതാണ് ഇത്തവണത്തെ ദിനത്തിന്റെ പ്രധാന സന്ദേശം.

കഴിഞ്ഞ വർഷം ഭൂമിയുടെ പുന:സ്ഥാപനം എന്ന സന്ദേശം നൽകി കൊണ്ടായിരുന്നു ദിനാചരണം. ഭൂമിയുടെ സ്വാഭാവിക ജൈവ ഘടനയെ തിരികെ എത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ സന്ദേശം തിരഞ്ഞെടുത്തത്.

1970 ഏപ്രിൽ 22 മുതലാണ് ലോക ഭൗമ ദിനം ആചരിച്ച് തുടങ്ങിയത്. അന്ന് അമേരിക്കയിൽ ഏകദേശം 20 മില്യൺ ആളുകളാണ് പരിസ്ഥിതിയെ നിരാകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്‌കൂളുകൾ, കോളേജുകൾ, വീടുകൾ എന്നിങ്ങനെ എല്ലായിടങ്ങളിലും നിന്ന് ജനങ്ങൾ തെരുവിലിറങ്ങി. വരാനിരിക്കുന്ന നാളുകളിൽ ഓർത്തിരിക്കേണ്ട ഒരു പ്രക്ഷോഭമായി ഇത് ചരിത്രത്തിലിടം പിടിച്ചു. ഈ പ്രതിഷേധത്തിന്റെ പ്രാധാന്യം അതിർത്തി കടന്നതോടെ ലോകം മുഴുവൻ ഭൗമ ദിനം ആചരിക്കാൻ നിർബന്ധിതരായി.

പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് നിലവിൽ നാം നേരിടുന്ന പ്രതിസന്ധികൾക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലം സംരക്ഷിച്ചും ഹരിത വാതക ഉപയോഗം കൂട്ടിയുമൊക്കെ നാം ഓരോരുത്തരും ഭൂമിയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ പങ്കാളികളാകണം. നാളത്തെ തലമുറയുടെ നല്ല ദിനങ്ങൾക്കായി ഭൂമിയുടെ ഈ ദുർവിധി നാം തിരുത്തേണ്ടതുണ്ട്.

ഇന്ന് ഓർത്തിരിക്കേണ്ട മഹദ് വചനങ്ങൾ
▪️കേൾക്കാൻ കഴിയുന്നവർക്ക് ഭൂമിക്ക് സംഗീതമുണ്ട്- വില്യം ഷേക്സ്പിയർ
▪️കിണറുകൾ വറ്റുമ്പോൾ നമുക്ക് ജലത്തിന്റെ വില അറിയാം- ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
▪️മരം നട്ടുപിടിപ്പിക്കുന്നവൻ തന്നെ കൂടാതെ മറ്റുള്ളവരെ സ്നേഹിക്കുന്നു- തോമസ് ഫുള്ളർ
▪️നമുക്കെല്ലാവർക്കും പൊതുവായുള്ളത് ഭൂമിയാണ്- വെൻഡൽ ബെറി