മക്കളോടുള്ള പക; അടൂരില്‍ 15 അംഗ സംഘം വീട്ടമ്മയെ തല്ലിക്കൊന്നു

പത്തനംതിട്ട: അടൂരില്‍15 അംഗ സംഘത്തിന്‍റെ വീടുകയറിയുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒഴുകുപാറ സ്വദേശി സുജാത(55)യാണ് മരിച്ചത്. മക്കളോടുള്ള വൈരാഗ്യമാണ്

ആക്രമണത്തിനും പിന്നീട് അത് കൊലപാതകത്തിലും അവസാനിച്ചതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുജാത മരിച്ചത്.

സുജാതയുടെ മക്കളായ ചന്ദ്രലാല്‍, സൂര്യലാല്‍ എന്നിവരോടുള്ള പ്രതികാരമാണ് അക്രമികളെ വീട്ടിൽ എത്തിച്ചത്. എന്നാൽ സംഘം സ്ഥലത്ത് എത്തുമ്പോൾ ചന്ദ്രലാലും സൂര്യലാലും അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് മുഖം തോര്‍ത്ത് കൊണ്ട് മറച്ചെത്തിയ അക്രമികൾ സുജാതയെ ആക്രമിക്കുകയായിരുന്നു. കമ്പി വടികൊണ്ടും കല്ലുകൊണ്ടും ആയിരുന്നു ആക്രമണം. മുഖത്തും തലയിലും കമ്പി വടി കൊണ്ട് അടിച്ചു. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ വാരിയെല്ലുകളും തകർന്നതായി പൊലീസ് പറഞ്ഞു.സുജാതയെ ആക്രമിച്ച ശേഷം കട്ടില്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ കിണറ്റിലിട്ട് വീട് തല്ലി തകർത്താണ് സംഘം മടങ്ങിയത്.

ശനിയാഴ്ച ഏനാത്ത് സ്വദേശികളും സമീപവാസികളുമായ ശരണ്‍, സന്ധ്യ എന്നിവര്‍ തമ്മില്‍ വഴിത്തര്‍ക്കം നിലവിലുണ്ടായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ സന്ധ്യയെ അനുകൂലിച്ച് ചന്ദ്രലാലും സൂര്യലാലും ഇവിടെയെത്തി. വളര്‍ത്തുനായയുമായാണ് സഹോദരങ്ങള്‍ സംഭവസ്ഥലത്തെത്തിയത്. ഇതിനിടെ നായ സ്ഥലത്തുണ്ടായിരുന്ന ചിലരെ കടിച്ചുപരിക്കേല്‍പ്പിച്ചു. ഇതിന്റെ പ്രതികാരമായാണ് കഴിഞ്ഞദിവസം വീടുകയറിയുള്ള ആക്രമണത്തിന് കാരണമെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.