മകൻ ഇതരമതസ്ഥയെ വിവാഹം കഴിച്ചതിന് കണ്ണൂരിൽ പൂരക്കളി മറത്തുകളി കലാകാരനെ വിലക്കി ക്ഷേത്രക്കമ്മിറ്റി.

മകൻ ഇതരമതസ്ഥയെ വിവാഹം കഴിച്ചതിന് കണ്ണൂരിൽ പൂരക്കളി മറത്തുകളി കലാകാരനെ വിലക്കി ക്ഷേത്രക്കമ്മിറ്റി. കരിവെള്ളൂർ സ്വദേശി വിനോദ് പണിക്കരെയാണ് പ്രദേശത്തെ ക്ഷേത്രക്കമ്മിറ്റി പൂരക്കളിയിൽ നിന്ന് വിലക്കിയത്. ആചാരത്തിന് കളങ്കം വരുന്നതിനാലാണ് തീരുമാനമെന്നും മറ്റുള്ളവർ ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നുമാണ് കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രക്കമ്മിറ്റിയുടെ നിലപാട്.

പ്രദേശത്തെ ക്ഷേത്രങ്ങളിൽ പൂരോത്സവത്തിനായി നാലും അഞ്ചും വർഷം മുമ്പേ സമുദായ സംഘം പണിക്കന്മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. കരിവെള്ളൂർ സോമേശ്വരി ക്ഷേത്രത്തിലും കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരോത്സവത്തിൻറെ ഭാഗമായുള്ള പൂരക്കളിക്കും മറത്തുകളിക്കും നിശ്ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു.

ഇതിനിടെയാണ് വിനോദിൻറെ മകൻ ഇതരമതസ്ഥയെ വിവാഹം കഴിച്ചത്. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അന്യമതത്തിൽപ്പെട്ട പെൺകുട്ടി താമസിക്കുന്ന വീട്ടിൽ നിന്നും ചടങ്ങുകൾക്കായി വിനോദിനെ ആചാരപ്രകാരം കൂട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു ക്ഷേത്രഭാരവാഹികളുടെ നിലപാട്. മറ്റൊരു വീട്ടിലേക്ക് മാറി ചടങ്ങു നടത്തിയാൽ പങ്കെടുപ്പിക്കാമെന്ന് വ്യവസ്ഥവച്ചെങ്കിലും വിനോദ് വഴങ്ങിയില്ല.