മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ, മരണനിരക്ക് ഒഴിവാക്കാനും ഇൻഷൂറൻസ് ഏർപ്പെടുത്താനും നടപടി വേണം

കോഴിക്കോട്: മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയോടനുബന്ധിച്ചുള്ള മരണങ്ങൾ ഒഴിവാക്കാനും ശസ്ത്രക്രിയക്ക് വിധേയരാവുന്ന രോഗികൾക്ക് ഇൻഷൂറൻസ് ഏർപ്പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യക്ക് സമർപിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ കേരളത്തിലെ അറുപതോളം മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയിൽ നാല് രോഗികളാണ് വിവിധ ആശുപത്രികളിൽ ഗുരുതരമായ അണുബാധയെ തുടർന്ന് മരണപ്പെടാനിടയായത്. ഇവർക്ക് മാന്യമായ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രിക്കുള്ള നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയെ തുടർന്നുളള മരണങ്ങൾ പല വിദേശ രാജ്യങ്ങളിലും ഇപ്പോൾ നടക്കുന്നില്ല. ഇറ്റലിയിൽ 2010 ന് ശേഷം ഒരു മരണം പോലും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. അതേയവസരം ഇന്ത്യയിൽ പല പ്രശസ്തമായ ആശുപത്രികളിൽ പോലും അണുബാധമൂലമുളള മരണങ്ങൾ പൂർണമായി തടയാൻ കഴിയാത്ത അവസ്ഥയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം മരണങ്ങളെപ്പറ്റി അതാത് ആശുപത്രികൾ സ്വന്തം നിലക്ക് പഠനം നടത്താറുണ്ടെങ്കിലും പൊതുവായ ഒരന്വേഷണമോ പഠനമോ ഇക്കാര്യത്തിൽ നടക്കുന്നില്ല. പല സ്ഥായിയായ മാരക രോഗങ്ങളും സമ്പൂർണമായി ഭേദപ്പെടുത്തുന്നതിനുള്ള ഏക ചികിത്സാ വിധിയെന്ന നിലക്ക് മജ്ജ മാറ്റി വെക്കൽ ചികിത്സ പൂർണമായും കുറ്റമറ്റതാക്കാൻ ആരോഗ്യ വകുപ്പ് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും കൗൺസിൽ ആവശ്യപ്പെട്ടു.