മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിന് വള്ളവും എഞ്ചിനും പരിശോധന

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കാന്‍ വള്ളവും എഞ്ചിനും പരിശോധിക്കുന്നു. ഫീഷറീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി ജനുവരി ഒമ്പതിന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് പരിശോധന നടത്തുക. മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന വള്ളവും എഞ്ചിനും യഥാര്‍ഥ രേഖകള്‍ സഹിതം പരിശോധനക്ക് ഹാജരാക്കണം.
10 വര്‍ഷം വരെ പഴക്കമുള്ള എഞ്ചിനുകള്‍ മാത്രമേ പരിശോധനക്ക് വിധേയമാക്കേണ്ടൂ. പരിശോധനക്കായി അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജനുവരി രണ്ടിനകം നല്‍കണം. അപേക്ഷ ഫോറം മത്സ്യഭവന്‍ ഓഫീസുകളില്‍ സൗജന്യമായി ലഭിക്കും. അപേക്ഷ വള്ളം/എഞ്ചിന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്, ടി ആര്‍ 5 രസീത്, നിലവിലുള്ള പെര്‍മിറ്റിന്റെ പകര്‍പ്പ്, പുതിയ എഞ്ചിനാണെങ്കില്‍ അതിന്റെ ഇന്‍വോയ്‌സ്/ബില്ല്, റേഷന്‍ കാര്‍ഡ്, ക്ഷേമനിധി ബോര്‍ഡിന്റെ പാസ്ബുക്ക്, എഫ് ഐ എം എസ് രജിസ്‌ട്രേഷന്‍, ആധാര്‍/ബയോമെട്രിക്ക് കാര്‍ഡ് എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം അതത് പ്രദേശത്തെ മത്സ്യഭവനില്‍ എത്തിക്കണം. ഓരോ എഞ്ചിനും പ്രത്യേകം അപേക്ഷ നല്‍കണം.