മദ്യലഹരിയിൽ മലയാളി യുവതിയെ ഭര്‍ത്താവ് തടികൊണ്ട് അടിച്ചു കൊലപ്പെടുത്തി.

മംഗളൂരു:മദ്യലഹരിയിൽ മലയാളി യുവതിയെ ഭര്‍ത്താവ് തടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. ബെല്‍ത്തങ്ങാടിയില്‍ ആണ് സംഭവം. ഇടുക്കി ചെറുതോണി സ്വദേശിനി സൗമ്യ ഫ്രാന്‍സിസ് (36)ആണ് മരിച്ചത്. ഭര്‍ത്താവ് നെരിക്കാട് കൊച്ചുതറ ജോണ്‍സണെ (40) ധര്‍മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ ജോണ്‍സണ്‍ സൗമ്യയുമായി വഴക്കുണ്ടാക്കി. വിറകു കഷണം കൊണ്ട് നെഞ്ചില്‍ അടിക്കുകയായിരുന്നു.

ബോധരഹിതയായ സൗമ്യയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുണ്ട്.