മനസ്സുണ്ടോ, ഊർജലാഭത്തിന് മാർഗങ്ങൾ പലതുണ്ട്

നാലുമാസം നീണ്ട ശ്രദ്ധാപൂർവമായ നിരീക്ഷണത്തിലൂടെ 4712 രൂപയുടെ വൈദ്യുതി ബില്ല് 1700 രൂപയിലെത്തിച്ച അനുഭവകഥയിൽ നിന്നാണ് ഷമിൽ പ്രിയപ്പൻ തുടങ്ങിയത്. ഉപയോഗത്തിലിരുന്ന സിഎഫ്എല്ലുകൾക്ക് പകരം എൽഇഡി ബൾബുകൾ മാറ്റിയിടുന്നതിൽ തുടങ്ങിയ പരിശ്രമം. രണ്ട് മുറികളിൽ സീറോ വാട്ടെന്ന പേരിൽ ഉപയോഗിച്ചിരുന്ന കളർ ബൾബുകൾ ഉപേക്ഷിച്ചു. മുറികളിലെ പഴഞ്ചൻ പങ്കകൾക്ക് പകരം ബിഎൽഡിസി ഫാനുകളാക്കി. വാട്ടർ ഹീറ്ററുകളെല്ലാം സോളാർ ഹീറ്ററുകളാക്കി. അടുക്കളയിൽ കൂടി സോളാർ ഹീറ്ററിൽ നിന്നുളള വെള്ളമെത്തിയതോടെ ഗ്യാസ് ഉപയോഗവും കുറഞ്ഞു. ഇൻവെർട്ടർ സൗരവൈദ്യുതിയിലേക്ക് മാറ്റി. ശ്രദ്ധാപൂർവമായ നിരീക്ഷണത്തിലുള്ള അനാവശ്യവൈദ്യുതി ഉപയോഗത്തിനെല്ലാം ‘നോ’ പറഞ്ഞതോടെ ഒന്നാമത്തെ ബില്ലിൽ രണ്ടായിരം രൂപയോളം കുറഞ്ഞു.പിന്നേയും ആഞ്ഞുപിടിച്ചപ്പോൾ അടുത്ത ബില്ല് 1752ൽ ഒതുങ്ങി. 1200 രൂപയെന്ന ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ഷമിലും കുടുംബവും.
വെറുതെ കഥ പറയുകയല്ല, വൈദ്യുതിയുടെ ശരിയായ വിനിയോഗത്തിന് സ്വീകരിച്ച മാർഗങ്ങളുടെയും ഒരോ തവണയും ബില്ലിലുണ്ടായ മാറ്റങ്ങളുടെയും വീഡിയോ ദൃശ്യങ്ങളുമായാണ് അക്ഷയ ഊർജ പ്രചാരകനും സംരംഭകനുമായ ഷമിൽ പ്രിയപ്പന്റെ അനുഭവസാക്ഷ്യം.
കൈക്കുമ്പിളിൽ കോരിയെടുത്ത വെള്ളം പോലെ അറിഞ്ഞും അറിയാതെയും പാഴാക്കുന്ന ഊർജത്തെ വീണ്ടെടുക്കാനുള്ള മാർഗങ്ങളാണ് ജില്ലയിലെ വനിതാ സംരംഭകർക്കായി കാത്തിരങ്ങാട് റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ജില്ലാതല ഊർജസംരക്ഷണ ശിൽപ്പശാല ചർച്ച ചെയ്തത്. എനർജി മാനേജ്‌മെൻറ് സെൻറർ കേരളയും സെൻറർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവലെപ്‌മെന്റും നേതൃത്വം നൽകുന്ന ഊർജ കിരൺ ക്യാമ്പയിന്റെ ഭാഗമായാണ് ശിൽപശാല. റൂഡ്‌സെറ്റ്, തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം, റൂഡ്‌സെറ്റിൽ തൊഴിൽ പരിശീലനം നേടിയവരുടെ സംഘടനയായ ആർട്ടേ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശിൽപശാല. വീടുകളും തൊഴിലിടങ്ങളും നാടും ഊർജ സൗഹൃദമാക്കാൻ മനോഭാവമാണ് മാറേണ്ടതെന്ന് ശിൽപശാല അഭിപ്രായപ്പെട്ടു. ശ്രദ്ധാപൂർവമായതും ശരിയായതുമായ വൈദ്യുതി ഉപയോഗത്തിലൂടെ ഉപഭോഗത്തിൽ ഇരുപത് ശതമാനം കുറവുവരുത്താമെന്ന് ശിൽപശാലയിൽ ‘ഊർജലാഭത്തിന്റെ പ്രായോഗിക വഴികൾ’ എന്ന വിഷയം അവതരിപ്പിച്ച കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ ഡോ. ടി പി നഫീസ ബേബി പറഞ്ഞു.
ഇ എം സി റിസോഴ്‌സ്‌പേഴ്‌സൺ വി വി ഗോവിന്ദൻ ‘ഊർജ സംരക്ഷണം എന്ത്? എന്തിന്’ വിഷയാവതരണം നടത്തി. പരിയാരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആർ ഗോപാലൻ മുഖ്യാതിഥിയായി. റൂഡ്‌സെറ്റ് ഡയറക്ടർ കെ പി അരുൺ അധ്യക്ഷനായി. റൂഡ്‌സെറ്റ് ഫാക്കൽറ്റി അഭിലാഷ് നാരായണൻ സ്വാഗതം പറഞ്ഞു.