മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ ഈ മാസം 7 ന് ആറളം ഫാം സന്ദർശിക്കും

പട്ടിക വർഗ്ഗ വിഭാഗം – വനം വകുപ്പ് മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ ഈ മാസം 7 ന് ആറളം ഫാം സന്ദർശിക്കും

ഇരിട്ടി: നിരന്തരം ആറളം ഫാമിൽ കാട്ടാന ആക്രമണങ്ങളും മരണങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ മേഖലയിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പട്ടിക വർഗ്ഗ വിഭാഗം – വനം വകുപ്പ് മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ ഈ മാസം 7 ന് ആറളം ഫാം സന്ദർശിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ കെ. രാധാകൃഷ്ണനും , എ.കെ. ശശീന്ദ്രനും വ്യാഴാഴ്ച വിളിച്ചുചേർത്ത യോഗത്തിലാണ് സ്ഥലം സന്ദർശിച്ച് പരിഹാരം കാണാൻ തീരുമാനിച്ചത്.
7 ന് രാവിലെ ആറളം ഫാമിലെത്തി വന്യജീവി ആക്രമണങ്ങൾ ഉണ്ടായ സ്ഥലങ്ങൾ സന്ദർശിക്കും. തുടർന്ന് വനം – പൊതുമരാമത്ത്- പട്ടിക വർഗ്ഗ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സമിതി മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പരിഹാര നടപടികൾക്ക് രൂപം നൽകും. നിരവധി മനുഷ്യ ജീവനുകൾ ഇതുവരെ പൊളിഞ്ഞു കഴിഞ്ഞതായും മനുഷ്യ ജീവനും കൃഷിയും സംരക്ഷിക്കപ്പെടണമെന്നും ഇതിന് ദീർഘകാല ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, പട്ടിക വിഭാഗ വകുപ്പ് സിക്രട്ടറി പ്രണബ് ജ്യോതിനാഥ്‌, പട്ടികവകുപ്പ് ഡയറക്ടർ ടി.വി. അനുപമ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

( പടം – ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്കു പരിഹാരം കാണുന്നതിനായി മന്ത്രിമാരായ കെ.രാധാകൃഷ്ണന്റെയും എ.കെ. ശശീന്ദ്രന്റെയും നേതൃത്വത്തിൽ നടന്ന യോഗം )