മന്ത്രിസഭാ വാര്‍ഷികം: എക്‌സിബിഷന്‍ ജനങ്ങള്‍ക്ക് സേവനം നല്‍കാനുള്ള വേദി ആകണം-മന്ത്രി എം വി ഗോവിന്ദന്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം സംസ്ഥാനതല ഉദ്ഘാടനത്തിന് മൂവായിരം പേരെ പങ്കെടുപ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ഏപ്രില്‍ ഒന്നിന് വൈകിട്ട് ആറ് മണിക്ക് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

പരിപാടിയുടെ ഭാഗമായി ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ വിപുലമായ എക്‌സിബിഷനും കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പരമാവധി ജനങ്ങള്‍ക്ക് നേരിട്ട് സേവനം നല്‍കുന്ന വേദിയായി മന്ത്രിസഭാ വാര്‍ഷിക എക്‌സിബിഷനെ മാറ്റണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചു. ഇതിനായി ഓരോ വകുപ്പും എന്തൊക്കെ സേവനങ്ങള്‍ തല്‍സമയം സ്റ്റാളുകളില്‍ നല്‍കാനാവുമെന്ന് പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിശദീകരിക്കാനും ഇവ ഉതകണം. ആകര്‍ഷകമായ രീതിയില്‍ ഇവ സജ്ജമാക്കാനുള്ള പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
പരിപാടിക്ക് വിപുലമായ പ്രചാരണം നല്‍കാനും ശ്രദ്ധിക്കണം. എല്ലാ തദ്ദേശസ്ഥാപനങ്ങളും അവരുടേതായ രീതിയില്‍ പ്രചാരണ പരിപാടികള്‍ നടത്തണം. വകുപ്പുകളും പ്രചാരണത്തിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

സബ്കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ആവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിബിഷന്റെ ഭാഗമായി കാര്‍ഷിക, വ്യാവസായിക പ്രദര്‍ശനം, കാര്‍ഷിക, പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ വിപണനം, വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, ഫുഡ്‌കോര്‍ട്ട് എന്നിവയാണ് ഒരുക്കുന്നത്. എല്ലാ ദിവസവും കലാപരിപാടികളും ഉണ്ടാകും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. വി ശിവദാസന്‍ എംപി, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, കെ വി സുമേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍േപഴ്‌സണ്‍ അഡ്വ. കെ കെ രത്‌നകുമാരി, കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്ബാബു എളയാവൂര്‍, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ എ വി അജയകുമാര്‍, എഡിഎം കെ കെ ദിവാകരന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ വിവിധ വകുപ്പ് മേധാവികള്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.