മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വം പ്രതികരിക്കണമെന്ന് കെ സുധാകരൻ

മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വം പ്രതികരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. രാജ്യത്തിൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുകയാണ് സജി ചെറിയാൻ. ഭരണഘടനയിൽ വിശ്വാസമില്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി. ഭരണഘടനാവിരുദ്ധ പരാമർശത്തിൽ സീതാറാം യെച്ചൂരി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. സജി ചെറിയാൻ രാജിവയ്ക്കണം. മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി പുറത്താക്കിയില്ലെങ്കിൽ, കോൺഗ്രസ് പ്രക്ഷോപത്തെ നേരിടേണ്ടിവരും. മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടോ എന്ന് തനിക്കറിയില്ല, സിപിഐഎമ്മിലെ ബുദ്ധിയുള്ള ആളുകൾ സജി ചെറിയാനെ തിരുത്തണം. ബാലകൃഷ്ണന് കഴിയാത്തപ്പോൾ സജി ചെറിയാന് എങ്ങനെ തുടരാൻ സാധിക്കുമെന്നും സുധാകരൻ ചോദിച്ചു.