മയക്കുമരുന്നു മാഫിയയെ അമർച്ചചെയ്യണം: എസ്.ഡി.പി.ഐ

കണ്ണൂര്‍ ജില്ലയിലെയും പ്രത്യേകിച്ച് കണ്ണൂര്‍ നഗരത്തിലെയും മയക്ക് മരുന്ന് ലഹരിമാഫിയകളുടെ പ്രവര്‍ത്തനം അടിച്ചമര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിസ്സാര കാരണങ്ങളില്‍ പോലും നിരപരാധികളുടെ ജീവനെടുക്കാനും സാധാരണക്കാരുടെ സഞ്ചാര സ്വതന്ത്ര്യത്തിന് പോലും വിഘാതമാവുകയും ചെയ്യുകയാണ് ലഹരി സംഘങ്ങളുടെ തേര്‍വാഴ്ച്ച. തിങ്കളാഴ്ച്ച അര്‍ധ രാത്രിയില്‍ ആയിക്കരയില്‍ ഒരു യുവാവിന്റെ ജീവനെടുത്തത് ഇത്തരം സംഘത്തിന്റെ അഴിഞ്ഞാട്ടത്തിന്റെ ഫലമായാണ്. നേരത്തെയും സിറ്റി പ്രദേശത്ത് ലഹരിമാഫിയയുടെ ആക്രമണത്തില്‍ യുവാക്കളുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്.

ലഹരി മാഫിയകള്‍ ഒരേ സമയം നിരപരാധികളുടെ ജീവന് ഭീഷണയിയാവുന്നതോടൊപ്പം ലഹരിക്കടിമയാവുന്ന യുവാക്കളുടെ ജീവിതവും നശിപ്പിക്കുകയാണ്. ആയിക്കരയില്‍ നടന്ന ദാരുണ സംഭവത്തില്‍ ഒരു കുടുംബം മാത്രമല്ല അനാഥമായത്, കൊലപാതക കേസില്‍ ഉള്‍പ്പെട്ട യുവാക്കളുടെ ജീവിതവും കരിനിഴലിലായിരിക്കുകയാണ്. പിടിയിലായ ഒരു യുവാവിന് പിതാവില്ല. മതാവും സഹോദരയുമടങ്ങുന്ന കുടുംബത്തിന് അത്താണിയാവേണ്ട യുവാവാണ് ജയിലിലായത്.
കഞ്ചാവും എം.ഡി.എം.എയും നിര്‍ബാധം കൗമാരക്കാര്‍ക്ക് കിട്ടുന്ന അവസ്ഥയാണ്. പിടിക്കപ്പെടുന്നവരെ എന്‍.ഡി.പിഎസ് നിയമപ്രകാരം കേസെടുക്കുന്നതല്ലാതെ, ഇതിന്റെ ഉറവിടത്തെ നശിപ്പിക്കാനോ നിയന്ത്രിക്കാനോ പോലിസിനോ എക്‌സൈസിനോ ആവാത്തത് പ്രതിഷേധാര്‍ഹമാണ്. ചില രാഷ്ട്രീയ നേതാക്കള്‍ ഇത്തരം സംഘത്തിനെ തങ്ങളുടെ താല്‍പ്പര്യത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. ഇതും ലഹരിമാഫിയകള്‍ക്ക് ധൈര്യം നല്‍കുകയാണ്.
പോലിസും എക്‌സൈസും തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റുന്നില്ലെങ്കില്‍ ഇത്തരം കുറ്റവാളി സംഘത്തെ നിലയ്ക്ക് നിര്‍ത്താന്‍ ജനങ്ങള്‍ക്ക് തന്നെ ജനകീയ പ്രതിരോധ മാര്‍ഗം സ്വീകരിക്കേണ്ടുവരുമെന്നും എസ്.ഡി.പി.ഐ മുന്നറിയിപ്പ് നല്‍കി.