മറക്കരുത്….മാസ്‌കാണ് മുഖ്യം; കരുതല്‍ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

കൊവിഡിനെ തുടര്‍ന്നുള്ള ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ കരുതലും ജാഗ്രതയും വേണമെന്ന് ഓര്‍മപ്പെടുത്തുകയാണ് ആരോഗ്യവകുപ്പ്. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും മറ്റ് പല വകുപ്പുകളുമായി ചര്‍ച്ച ചെയ്താണ് മാര്‍ഗരേഖ തയ്യാറാക്കിയത്. രക്ഷകര്‍ത്താക്കളുടേയും അധ്യാപകരുടേയും മികച്ച കൂട്ടായ്മയാണ് സ്‌കൂളിന്റെ നടത്തിപ്പിലും ഇനിയുള്ള കൊവിഡ് പ്രതിരോധത്തിലും മുഖ്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കിയ മാര്‍ഗരേഖ വ്യക്തമാക്കുന്നു.

സ്‌കൂളിലേക്കു പോകുമ്പോള്‍ ഇവ മറക്കാതിരിക്കുക.

ബയോബബിള്‍ അടിസ്ഥാനത്തില്‍ മാത്രം ക്ലാസുകള്‍ നടത്തുക.

ഓരോ ബബിളിലുള്ളവര്‍ അതത് ദിവസം മാത്രമേ സ്‌കൂളില്‍ എത്താവൂ.

പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ കൊവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളതോ ആയവര്‍ ഒരു കാരണവശാലും സ്‌കൂളില്‍ പോകരുത്.

മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. ഡബിള്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക.

വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.

യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.

ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.

കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.

അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടണം.

ഇടവേളകള്‍ ഒരേ സമയത്താക്കാതെ കൂട്ടം ചേരലുകള്‍ ഒഴിവാക്കണം.

പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവെക്കരുത്.

ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം രണ്ട് മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ഥികള്‍ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.

കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാന്‍ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.

ടോയ്‌ലറ്റുകളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

പ്രാക്ടിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളായി നടത്തണം.

ഒന്നിലധികം പേര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം.

സ്‌കൂളുകളില്‍ രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സൂക്ഷിക്കണം.

രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.

ഓരോ സ്‌കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.

വിദ്യാര്‍ഥികള്‍ക്കോ ജീവനക്കാര്‍ക്കോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടുക.

അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പറുകള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുക.

കുട്ടികളും ജീവനക്കാരും അല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.

വീട്ടിലെത്തിയ ഉടന്‍ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.