മലബാര്‍ എക്‌സ്പ്രസ്സിലെ തീ പിടിത്തം; പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലയുള്ള കാസര്‍ഗോഡ് സ്‌റ്റേഷനിലെ പാര്‍സല്‍ ക്ലര്‍ക്കിനെയാണ് പാലക്കാട് ഡിവിഷന്‍ സസ്പെന്‍ഡ് ചെയ്തത്. മലബാർ എക്സ്പ്രസ്സ് യാത്ര പുനരാരംഭിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് മലബാര്‍ എക്സ്പ്രസിന്റെ ലഗ്ഗേജ് വാനില്‍ തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തി. അരമണിക്കൂറിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു.