മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒക്കുലര്‍ ഓങ്കോളജി വിഭാഗം ആരംഭിക്കും : ആരോഗ്യമന്ത്രി

മലബാര്‍ കാന്‍സര്‍ സെന്ററില്‍ കണ്ണിലെ കാന്‍സര്‍ ചികിത്സ ലഭ്യമാവുന്ന ഒക്കുലര്‍ ഓങ്കോളജി വിഭാഗം എത്രയും വേഗത്തില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലബാര്‍ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സ എത്രത്തോളം സൗജന്യമായി നല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നു. എംസിസി യില്‍ ക്യാന്‍സര്‍ ചികിത്സാ മേഖലയിലെ കൂടുതല്‍ നൂതന ചികിത്സാസംവിധാനങ്ങളും ചികിത്സാ രീതികളും ഒരുക്കും. ഗവേഷണ രംഗത്ത് എം സി സി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും അവര്‍ പറഞ്ഞു.
കാന്‍സര്‍ സെന്ററില്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി മന്ത്രി വിലയിരുത്തി. എത്രയും പെട്ടെന്ന് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനും മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. എഎന്‍ ഷംസീര്‍ എം എല്‍ എ, എം സി സി ഡയറക്ടര്‍ സതീശന്‍ ബാലസുബ്രഹ്മണ്യം, അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശ തോമസ്, ഹെല്‍ത്ത് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ എം സി സി സന്ദര്‍ശന വേളയില്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.