മാതാവിനോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനി പിക്കപ്പ് വാന്‍ ഇടിച്ചു മരിച്ചു

മലപ്പുറം: പരീക്ഷ കഴിഞ്ഞു മാതാവിനോടൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനി പിക്കപ്പ് വാന്‍ ഇടിച്ചു മരിച്ചു.ഗുരുവായൂര്‍ മമ്മിയൂര്‍ മുസല്യം വീട്ടില്‍ റഹീമിന്റെ മകള്‍ ഹയ (13) ആണ് മാതാവ് സുനീറയോടൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തില്‍ മരിച്ചത്. തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്തായിരുന്നു അപകടം.പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹയ.

തൃശൂരില്‍നിന്ന് ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ ഹയയും മാതാവും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹയയെ രക്ഷിക്കാനായില്ല. മാതാവ് സുനീറ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.